2015 ഫെബ്രുവരി 18, ബുധനാഴ്‌ച

വിദൂരഭാവിയിൽ  എന്നോ   വന്നെത്താൻ സാദ്ധ്യതയുള്ള സുഖസന്തോഷങ്ങളെ എത്തിപ്പിടിക്കുവാനുള്ള  പ്രയാണത്തിലാണ്‌ നമ്മളെല്ലാം.ഈ ഓട്ടത്തിനിടയിൽ വീണു കിട്ടുന്ന കൊച്ചുകൊച്ചു സന്തോഷങ്ങൾ പോലും ആസ്വദിക്കുവാൻ    നമുക്ക്‌ സമയമില്ല.      പണ്ട്  സൗമിനിടീച്ചർ പറഞ്ഞ ഒരു കഥ ഓർമ്മ വരുന്നു     വെറ്റിലകെട്ടിൽനിന്നും  ഉള്ളിലുള്ള വാടാത്ത  വെറ്റില എടുക്കാതെ പുറമെയുള്ള വാടിയ വെറ്റില മാത്രം   നിത്യേന   തിന്നാൻ വിധിക്കപ്പെട്ട അമ്മൂമ്മയുടെ   കഥ.ഇതേ അവസ്ഥയാണ്‌ നമുടേത്‌.
               ജീവിത  യാഥാർത്ഥ്യങ്ങളിൽ ആസ്വാദ്യതയെ തേടിപിടിക്കുകയന്നത്‌ ഒരു കലതന്നെയാണ്‌.ജീവിതത്തെ ജീവിതമായിതന്നെ ആസ്വദിച്ചു കൊണ്ട്‌ അതിന്റെ എത്രയോ ചെറുതും ക്ഷണികവുമായ ഭാഗങ്ങളെപ്പോലും അനുഭവിച്ച്‌ രുചിച്ച്‌ ജീവിക്കാൻ നമുക്ക്‌ സാധിക്കണം. ഭൗതികമായ നേട്ടങ്ങൾക്കൊന്നും മനസ്സിന്റെ ത്വരയെ ശമിപ്പിക്കുവാൻ സാധിക്കുകയില്ല.എന്തിനോ വേണ്ടിയുള്ള  ഒരു ദാഹം ,ഏകാന്തത,നിരാശ,ആസക്തി അങ്ങനെ പലതും പലപ്പോഴും നമുക്കു തോന്നും.അപ്പോഴൊക്കെ മറ്റുള്ളവരെയോ,സാഹചര്യങ്ങളെയോ നാം പഴിക്കാൻ ശ്രമിക്കും.    അത്തരം സന്ദർഭങ്ങളിലൊക്കെ നാം നമ്മുടെ ഉള്ളിന്റെ ഉള്ളിലേക്കിറങ്ങിചെന്ന് നാം  നമ്മെ തന്നെ അറിയണം.ജീവിതത്തെ സുന്ദരവും ലളിതവും ആക്കിത്തീർക്കനുള്ള സൂത്രവാക്യങ്ങളിൽ ഒന്നാണ്‌ അവനവനെ തന്നെ അറിയുക എന്നത്‌.
ഏതൊരു മനുഷ്യന്റേയും ഉള്ളിന്റെയുള്ളിൽ  സാഹജമായുള്ളത്‌ സ്നേഹമാണ്‌,പരിഗണയാണ്‌,ശാന്തിയാണ്‌,ആനന്ദമാണ്‌, ഉണർവ്വാണ്‌.    സ്വയം അറിയാൻ ശ്രമിക്കുയും, അവനവനെ തന്നെ ആഴത്തിൽ മനസ്സിലാക്കുകയും ചെയ്താൽ ഈ ലോക എത്ര സുന്ദരമാണെന്ന്  മനസ്സിലാക്കാൻ തുടങ്ങും..ആത്മിക ചിന്തകന്മാരുടെ ദർശ്ശനങ്ങളെല്ലാം ഇതിനെക്കുറിച്ചായിരുന്നു.

"സ്വയം അറിയാൻ ശ്രമിക്കുന്നത്‌ ജ്ഞാനത്തിന്റെ ആരംഭമാണ്‌ .മറ്റാരേയും ആശ്രയിക്കാതെതന്നെ നിങ്ങൾ ആരാണെന്ന്  നിങ്ങൾ അറിയണം"-
                                                                                                കൺഫ്യൂഷസ്‌

       "എല്ലാമറിഞ്ഞിട്ടും തന്നെ അറിയുന്നതിൽ പരാജയപ്പെടുന്നവന്‌ എല്ലാറ്റിനെപ്പറ്റിയുള്ള അറിവും നഷ്ട്മാകുന്നു  " -
                                                                                                    യേശുക്രിസ്തു
 
" നിങ്ങൾ നിങ്ങളെ മനസ്സിലാക്കുമ്പോൾ നിങ്ങൾ എല്ലാം മനസ്സിലാക്കുന്നു. നിങ്ങൾ എല്ലാം മനസ്സിലാക്കാൻ ശ്രമിക്കുമ്പോൾ നിങ്ങൾക്ക്‌ ഒന്നും മനസ്സിലാക്കാനാവില്ല."
                                                                                                   സെൻ പഴമൊഴി

ഗൗതമബുദ്ധന്‌  ജ്ഞാനോദയം ലഭിച്ചപ്പോൾ അദ്ദേഹത്തോട്‌ ഒരാൾ ചോദിച്ചു
"അങ്ങ് ഈശ്വരനാണോ?"
"അല്ല"
"അങ്ങ് പുണ്യത്മാവാണോ?"
"അല്ല"
അപ്പോൾ പിന്നെ അങ്ങ്‌ ആരാണ്‌?"
"ഞാൻ ഉണർവ്വുള്ളവനാകുന്നു"

സ്വയം  അറിയുന്നവൻ   ഉണർവ്വുള്ളവനാണ്‌      .    

തിരക്കുപിടിച്ച ജീവിതത്തിനിടയിൽ ഇടക്കിടെ ബാഹ്യമായലോകത്തുനിന്നും ഒരൽപ സമയം നമ്മിലേക്കുതന്നെ ഇറങ്ങി ചെന്നാൽ നമ്മുടെയുള്ളിൽ കുടികൊള്ളുന്ന ശക്തിയെ ,ആനന്ദത്തെ കണ്ടെത്താൻ നമുക്കു കഴിയും.  

 ഉള്ളിലേക്കുള്ള വഴി എങ്ങനെ കണ്ടെത്താനാകും.?                      
                ധ്യാനത്തിലൂടെ,ആന്തരീയമൗനത്തിലൂടെ,പ്രാർത്ഥനയിലൂടെ,ശ്വസനവ്യായാമത്തിലൂടെ ഒക്കെ ഒരാൾക്ക്‌ ഉള്ളിലേക്കുള്ള വഴി കണ്ടെത്താനാകും.വഴി കണ്ടെത്തി അതിലൂടെ നിരന്തരംസഞ്ചരിച്ചുകൊണ്ടിരിക്കുന്നഒരാൾസ്വയംആശ്വസിക്കപ്പെടുന്നു,സാന്ത്വനപ്പെ  ടുന്നു . ഇത്തരം സാന്ത്വനം  ഉള്ളിലുള്ളവർക്കു മാത്രമെ മറ്റുള്ളവരുടെ വേദന മനസ്സിലാക്കുവാനും    സാന്ത്വനപ്പെടുത്തുവാനും    സാധിക്കുകയുള്ളു

  ധ്യാനത്തിലൂടെ  ഉള്ളിലേക്ക്‌ ഒരു വഴി

                 നട്ടെല്ലുനിവർത്തി ,കണ്ണുകളടച്ച്‌     സ്വസ്ഥ്മായി ഒരിടത്ത്‌ ഇരിക്കുക.   ശരീരവും   മനസ്സും     കഴിയുന്നത്ര റിലാക്സ്‌ ആക്കുക.മനസ്സിലേക്ക്‌ കടന്നുവരുന്ന എല്ലാ ചിന്തകൾക്കും വിരാമമിട്ട്‌,ശ്വാസോഛ്വസത്തിൽ മാത്രം ശ്രദ്ധിച്ച്‌ നമ്മിലേക്ക്‌ തിരിയുക.അപ്പോൾ    മനസ്സ്‌ ശാന്തവും ശീതളവും ആകും.ഒരു എയർക്കണ്ടീഷൻ മുറിപോലെ.        ആ ഒരു നിമിഷം- എല്ലാറ്റിൽ നിന്നും മുക്തമായ ഒരു നിമിഷം.    
    മനസ്സിൽ   സംഘർഷങ്ങളോ പിരിമുറുക്കങ്ങളോ ഇല്ലാത്ത ഒരു നിമിഷം .
നമ്മുടെ യഥാർത്ഥ വസതി ഈ വർത്തമാന നിമിഷം   മാത്രമാണ്‌.
ഇത്‌ ശീലിച്ചു കഴിഞ്ഞാൽ  ഇടക്കിടെ  നമ്മുടെ മനസ്സും ശരീരവും  ഭൂതഭാവിചിന്തകളിൽ  നിന്നും മോചിക്കപ്പെട്ട്‌ വർത്തമാനനിമിഷത്തിൽ  എത്തിച്ചേരുന്നു. തുടർച്ചയായുള്ള പരിശീലനം നമ്മെ ഏകാഗ്രതയും മനശ്ശാന്തിയും ഉള്ളവരാക്കുന്നു,ഉണർവ്വുള്ളവരാക്കുന്നു.
       

           

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ